Thursday, January 27, 2011

സ്വകര്യത ഉറപ്പാക്കാന്‍ ഫയര്‍ഫോക്‌സും ക്രോമും


സ്വകര്യത ഉറപ്പാക്കാന്‍ ഫയര്‍ഫോക്‌സും ക്രോമും

വെബ്‌  ബ്രൗസറുകള്‍ വഴി നിങ്ങളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ പരസ്യക്കമ്പനികള്‍ മനസിലാക്കുന്നുണ്ടെന്ന ആശങ്കയ്ക്ക് അറുതി വരുത്താന്‍ മോസില്ലയും ഗൂഗിളും നീക്കം തുടങ്ങി. ഉപഭോക്താവിന്റെ സ്വകാര്യത ഉറപ്പു വരുത്താനുള്ള പുതിയ ക്രമീകരണങ്ങളാണ് ഗൂഗിളിന്റെ ബ്രൗസറായ ക്രോമും മോസില്ല ഫയര്‍ഫോക്‌സും ഏര്‍പ്പെടുത്തുന്നത്. 



പരസ്യക്കമ്പനികളും കച്ചവടതാത്പര്യമുള്ള മറ്റുള്ളവരും ഉപഭോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ചോര്‍ത്തുന്നത് തടയാന്‍ 'ഡു നോട്ട് ട്രാക്ക്' സംവിധാനമാണ് ഇരു ബ്രൗസറുകളിലും ഏര്‍പ്പെടുത്തുന്നത്. ഓണ്‍ലൈനില്‍ തന്റെ നീക്കങ്ങളും പെരുമാറ്റങ്ങളും ആരെങ്കിലും പിന്തുടരേണ്ടതുണ്ടോ വേണ്ടയോ എന്ന് ഉപഭോക്താവിന് ഇനി സ്വയം തീരുമാനിക്കാം. 




മോസില്ലയുടെ ടെക്‌നോളജി ആന്‍ഡ് പ്രൈവസി ഓഫീസര്‍ അലക്‌സ് ഫൗളറാണ്, ഫയര്‍ഫോക്‌സ് ബ്രൗസറില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്ന കാര്യം ബ്ലോഗ് പോസ്റ്റ് വഴി അറിയിച്ചത്. സ്വകാര്യത ഉറപ്പാക്കാന്‍ നിലവില്‍ അവലംബിക്കുന്ന (കുക്കികളെയും മറ്റും ആശ്രയിച്ച്) രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തങ്ങളുടെ സമീപനമെന്ന് ഫൗളര്‍ അറിയിക്കുന്നു. 




ഫയര്‍ഫോക്‌സിന്റെ സംവിധാനം അനുസരിച്ച് സന്ദര്‍ശിക്കുന്ന ഓരോ സൈറ്റിലും യൂസര്‍മാര്‍ക്ക് തീരുമാനിക്കാം, താന്‍ ട്രാക്ക് ചെയ്യപ്പെടണോ വേണ്ടയോ എന്ന്. 




അതേസമയം, ബ്രൗസറിലെ പുതിയൊരു പ്ലഗ്ഗിന്‍ (plug-in) രൂപത്തിലാണ് ഗൂഗിള്‍ ക്രോം ഈ പരിഷ്‌ക്കാരം ഏര്‍പ്പെടുത്തുന്നത്. Keep My Opt-Outs എന്നാണ് ക്രോം ബ്രൗസറിലെ ആ എക്സ്റ്റന്‍ഷന് നല്‍കിയിട്ടുള്ള പേര്. ഓണ്‍ലൈന്‍ പരസ്യക്കമ്പനികള്‍ പിന്തുടരുന്നത് സ്ഥിരമായി  ഒഴിവാക്കാന്‍ ഈ സംവിധാനം യൂസര്‍മാരെ സഹായിക്കും. ഈ ബ്രൗസര്‍ എക്സ്റ്റന്‍ഷന്റെ കോഡ് പരിഷ്‌ക്കരിക്കാനായി ഡവലപ്പര്‍മാര്‍ക്ക് വിട്ടുകൊടുക്കുമെന്ന് ഗൂഗിളിന്റെ ബ്ലോഗ്പറയുന്നു. 




കുക്കികള്‍ എന്നറിയപ്പെടുന്ന ചെറു ടെക്സ്റ്റ് ഫയലുകള്‍ വഴിയാണ് പല സൈറ്റുകളും സന്ദര്‍ശകരുടെ പ്രത്യേകതകള്‍ (എന്തൊക്കെ ക്ലിക്ക് ചെയ്യുന്നു, എത്ര സമയം ഓരോ ഉള്ളടക്കഘടകത്തിലും ചെലവഴിക്കുന്നു തുടങ്ങിയ വിവരങ്ങള്‍) പിന്തുടരുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ആന്ത്യന്തികമായി പരസ്യക്കമ്പനികളിലാണ് എത്തുക. ഇതിനെതിരെയുള്ള സമ്മര്‍ദത്തിന്റെ ഭാഗമായാണ് മോസില്ലയും ഗൂഗിളും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായത്. 

No comments:

Post a Comment