ചിരിക്കുമ്പോള്‍ സൂക്ഷിക്കുക, പനി പടരും
Posted on: 11 Jan 2011
സിംഗപ്പൂര്‍: തുമ്മുമ്പോഴുള്ളതിനേക്കാള്‍ പനി പകരാനുള്ള സാധ്യത ചിരിക്കുമ്പോഴാണെന്ന് സിംഗപ്പൂരില്‍ നടത്തിയ ശ്രദ്ധേയമായ പഠനം കണ്ടെത്തി. പനി ബാധിച്ചവരില്‍ നിന്നു പുറത്തുവരുന്ന ജലകണങ്ങളെ സെക്കന്‍ഡില്‍ രണ്ടരലക്ഷം ഫ്രെയിമുകളെടുക്കാവുന്ന ശക്തിയേറിയ ക്യാമറയും കൂറ്റന്‍ കണ്ണാടിയുമുപയോഗിച്ച് നിരീക്ഷിച്ചാണ് ചികിത്സാരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയേക്കാവുന്ന കണ്ടെത്തലുകള്‍ നടത്തിയത്.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും പുറത്തുവിടുന്ന ജലകണങ്ങളുടെ ചിത്രങ്ങളെടുത്തു പഠനത്തിനു വിധേയമാക്കി. 1.08 ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ മുതല്‍മുടക്കുള്ള പഠനത്തിന് ചുക്കാന്‍ പിടിക്കുന്നത് ജൂലിയന്‍ ടാങ് എന്ന വൈറോളജിസ്റ്റും സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലും ചേര്‍ന്നാണ്.
ചൂളമടിക്കുമ്പോഴും ചിരിക്കുമ്പോഴുമാണ് കൂടുതല്‍ വേഗത്തില്‍ ജലദോഷം പടരുകയെന്നാണ് കണ്ടെത്തല്‍. ചിരിക്കുമ്പോള്‍ ശക്തമായും കൂടുതല്‍ സ്ഥലത്ത് വ്യാപിക്കുന്ന രീതിയിലുമാണ് ജലകണങ്ങള്‍ പുറത്തുവരിക. പാടുമ്പോള്‍ പെട്ടെന്നു പകരുന്ന രീതിയില്‍ അണുക്കള്‍ വ്യാപിക്കുന്നുവെന്ന് ടാങ് വ്യക്തമാക്കുന്നു.
രോഗാണുക്കള്‍ പകരുന്ന വിധം വ്യക്തമാകുന്നതോടെ രോഗാണുബാധ തടയാന്‍ ഫലപ്രദമായ മാര്‍ഗം സ്വീകരിക്കാനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
No comments:
Post a Comment